'ഭീകരരാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?'; യുഎന്‍ പൊതുസഭയില്‍ പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

pakistan

പാക്ക് മാധ്യമപ്രവര്‍ത്തകന്‍ തെറ്റായ ആരോപണങ്ങള്‍ തുടരുന്നതിനിടെ മന്ത്രിയും സംഘവും പത്രസമ്മേളന വേദി വിട്ടു.

ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ജയശങ്കര്‍ രൂക്ഷ പ്രതികരണം നടത്തിയത്. 'ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക? എന്ന പാക്ക് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് 'ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?' എന്ന് ജയശങ്കര്‍ തിരിച്ചടിച്ചു.


പാക്ക് മാധ്യമപ്രവര്‍ത്തകന്‍ തെറ്റായ ആരോപണങ്ങള്‍ തുടരുന്നതിനിടെ മന്ത്രിയും സംഘവും പത്രസമ്മേളന വേദി വിട്ടു. ലൈബീരിയന്‍ വിദേശകാര്യമന്ത്രി സാറ ബെയ്‌സോളോ ന്യാന്‍തിക്ക് ഒപ്പം വാര്‍ത്താസമ്മേളനം നടത്തവെയായിരുന്നു സംഭവം. ഇന്നലെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍ എപ്പോള്‍ അവസാനിപ്പിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തക ഷെരീഫിനോട് വിളിച്ച് ചോദിച്ചത്.ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ഭീകര പ്രവര്‍ത്തനം എപ്പോള്‍ അവസാനിപ്പിക്കും എന്ന പാക് മാധ്യമത്തിന്റെ ചോദ്യം. ഇതിന് മറുപടിയായി ഒരു ഭീകരവാദ രാജ്യം എന്നോട് ഈ ചോദ്യം ചോദിക്കുന്നു, പോകൂ' എന്ന് ജയശങ്കര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന്, ചോദ്യത്തിനുള്ള മറുപടി വ്യക്തമായി ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷും മാധ്യമപ്രവര്‍ത്തകനോട് വ്യക്തമാക്കി.

Tags