ഇറാന്റെ മിസൈൽ ആക്രമണത്തിൽ അവശിഷ്ടം പതിച്ച് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു

falastheen

 റാമല്ല: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടം പതിച്ച് വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടു. ഹിബ്രൂണിന് തെക്കുപടിഞ്ഞാറുള്ള ബെയ്ത് അവ്വയിലെ വനിതാ ഹെയർ സലൂണിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങളോ യുദ്ധോപകരണങ്ങളോ പതിച്ചാണ് അപകടമുണ്ടായതെന്ന് ഫലസ്തീൻ റെഡ് ക്രസന്റും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് സലൂണിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ മരിച്ചത്. സംഭവത്തിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റ 13 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുമ്പോൾ തെറിച്ചുവീഴുന്ന അവശിഷ്ടങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഫലസ്തീൻ അതോറിറ്റിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഹിബ്രൂൺ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്.

Tags