എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറി ; ട്രംപിന്റെ അവകാശവാദത്തിനെ പരിഹസിച്ച് തള്ളി ഇറാന്‍ ജുഡീഷ്യറി

trump

തന്റെ വാക്കുകള്‍ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം.

ഇറാനില്‍ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വാക്കുകള്‍ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം. നാല് പേരെ ഇറാന്‍ ഉടനെ വിട്ടയക്കുമെന്നും മറ്റുള്ളവര്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ വിട്ടയക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ എട്ട് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാനിയന്‍ ജുഡീഷ്യറി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രക്ഷോഭകരായ സ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്‍ ട്രംപിന്റെ വാദങ്ങളെ തള്ളിയത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വനിതകളെ ഉപദ്രവിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ത്ഥനക്ക് പിന്നാലെ വിഷയം വലിയ ചര്‍ച്ചയായിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായതോടെ വിഷയത്തില്‍ ഇറാന്‍ ജുഡീഷ്യറി തന്നെ വ്യക്തത വരുത്തിയത്.

ഡോണള്‍ഡ് ട്രംപ് വീണ്ടും വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്സൈറ്റായ 'മിസാന്‍ ഓണ്‍ലൈന്‍' പരിഹസിച്ചു. വധശിക്ഷയുടെ വക്കിലാണെന്ന് ആരോപിക്കപ്പെട്ട സ്ത്രീകളില്‍ ചിലരെ ഇതിനോടകം വിട്ടയച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ ഗൗരവകരമായ കുറ്റങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അവര്‍ക്ക് പരമാവധി ലഭിക്കാവുന്നത് തടവുശിക്ഷ മാത്രമാണ്', മിസാന്‍ ഓണ്‍ലൈന്‍ വ്യക്തമാക്കി.

Tags