യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാൻ; നിബന്ധനകളിൽ പ്രതികരിക്കാതെ ട്രംപ്

trump

തെഹ്‌റാൻ: ഇറാൻ പുതിയ 14 ഇന നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിച്ചു. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഈ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എങ്കിലും ഒരു അന്തിമ കരാറിലെത്തുന്ന കാര്യത്തിൽ സംശയം ആവര്‍ത്തിച്ചു. ഇസ്രയേലിന്റെ കടന്നുകയറ്റം കൂടി പ്രതിരോധിക്കുന്നതാണ് ഇറാന്റെ നിബന്ധനകൾ.


അമേരിക്കയുടെ മുൻപത്തെ 9 ഇന പദ്ധതിക്കുള്ള മറുപടിയായാണ് ഇറാൻ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. പാകിസ്ഥാൻ വഴിയാണ് ഈ സന്ദേശം കൈമാറിയത്. പ്രധാന നിര്‍ദ്ദേശങ്ങൾ

    യുദ്ധം അവസാനിപ്പിക്കുക: വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണം.

    ഉപരോധങ്ങൾ നീക്കുക: ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണം.

    സൈനിക പിന്മാറ്റം: മേഖലയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയും നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം.

    ഇസ്രായേൽ നടപടികൾ: ലബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾ നിർത്തിവെക്കണം.

    ആക്രമിക്കില്ലെന്ന ഉറപ്പ്: ഭാവിയിൽ ഇറാന് നേരെ സൈനിക നീക്കങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പുള്ള സുരക്ഷാ ഗ്യാരന്റികൾ (Security Guarantees) .

    മേഖലയിൽ നിന്നുള്ള പിന്മാറ്റം: ഇറാന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും യുഎസ് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണം.

    മരവിപ്പിച്ച ആസ്തികൾ: വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ (Frozen Assets) ഉടനടി വിട്ടുനൽകണം.

    യുദ്ധനഷ്ടപരിഹാരം: ഉപരോധങ്ങളും സൈനിക നീക്കങ്ങളും മൂലം ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വസ്തുവകകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം (Compensation) നൽകണം.

    യൂറേനിയം സമ്പുഷ്ടീകരണം: ആണവായുധം നിർമ്മിക്കാൻ കഴിയാത്ത വിധം, യൂറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് 3.6% ആയി പരിമിതപ്പെടുത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്.

    ഹോർമുസ് കടലിടുക്കിലെ പുതിയ നിയമം: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമായി ഒരു പുതിയ ഭരണസംവിധാനം (Governing Mechanism) രൂപീകരിക്കാൻ ഇറാൻ നിർദ്ദേശിക്കുന്നു.


ഹോര്‍മുസിലെ പിടിവാശികൾ

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇറാന്റെ അധികാരപരിധിയിലാണെന്നും യുഎസിന്റെയോ ഇസ്രായേലിന്റെയോ അല്ലാത്ത കപ്പലുകൾക്ക് ടോൾ നൽകി കടന്നുപോകാമെന്നും ഇറാൻ ഡെപ്യൂട്ടി പാർലമെന്റ് സ്പീക്കർ അലി നിക്സാദ് പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ ഇറാൻ ആവശ്യപ്പെടുന്ന ഡിജിറ്റൽ കറൻസിയോ മറ്റോ നൽകുന്ന കപ്പൽ കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് നിലനിൽക്കയാണ്.

Tags