യുഎസ് താവളങ്ങളെ നിരീക്ഷിക്കാന്‍ ഇറാന്‍ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

iran

ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയ ശേഷം മാത്രം കൈമാറുന്ന ചൈനയുടെ സവിശേഷമായ രീതിയിലൂടെയാണ് ഇറാന്‍ ഈ ഉപഗ്രഹം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ ഇറാന്‍ ചൈനീസ് നിര്‍മ്മിത ഉപഗ്രഹം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ 'എര്‍ത്ത് ഐ' വികസിപ്പിച്ച ടിഇഇ-01ബി എന്ന ഉപഗ്രഹം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉപയോഗിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം രഹസ്യമായി കൈമാറ്റം ചെയ്ത ഈ ഉപഗ്രഹം പശ്ചിമേഷ്യയിലെ യുഎസ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയ ശേഷം മാത്രം കൈമാറുന്ന ചൈനയുടെ സവിശേഷമായ രീതിയിലൂടെയാണ് ഇറാന്‍ ഈ ഉപഗ്രഹം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, ബീജിംഗ് ആസ്ഥാനമായുള്ള എംപോസാറ്റ് എന്ന കമ്പനിയുടെ ആഗോള ഗ്രൗണ്ട് സ്റ്റേഷന്‍ ശൃംഖല ഉപയോഗിക്കാനുള്ള അനുമതിയും ഇറാന് ലഭിച്ചു. അമേരിക്കന്‍ സൈനിക താവളങ്ങളുടെ കൃത്യമായ സ്ഥാനവും വിവരങ്ങളും ശേഖരിക്കാന്‍ ഈ സംവിധാനങ്ങള്‍ ഇറാനെ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ്, ജോര്‍ദാനിലെ മുവാഫഖ് സാല്‍തി എയര്‍ ബേസ്, ബഹ്റൈനിലെ യുഎസ് അഞ്ചാം നേവി ഫ്‌ലീറ്റ് ആസ്ഥാനം എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ ഈ ഉപഗ്രഹം പകര്‍ത്തിയെന്ന് ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

Tags