യു.എസ് സാമ്പത്തിക യുദ്ധം തുടർന്നാൽ ഹുർമുസ് അടഞ്ഞുകിടക്കും ; ഇറാൻ
വാഷിങ്ടൺ : യു.എസും ഇസ്രായേലുമായുള്ള സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും യു.എസ് സാമ്പത്തിക യുദ്ധം തുടർന്നാൽ ഹുർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാൻ. ഹുർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയെന്ന വാർത്തകൾക്ക് പിറകെയാണ് ഇറാൻ പ്രതികരണം. ‘‘ഞങ്ങളുടെ നിബന്ധനകൾ വ്യക്തമാക്കിയതാണ്, ഇവ പാലിക്കപ്പെടുക മാത്രമാണ് ഹുർമുസ് തുറക്കാനുള്ള മാർഗം’’ -ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് യു.എൻ പൊതുസഭയിലാണ് ഇറാൻ സമാധാന നിർദേശം അവതരിപ്പിച്ചത്. മധ്യസ്ഥരായ ഖത്തർ പ്രതിനിധികൾ വഴിയാണ് നിർദേശം അമേരിക്കക്ക് കൈമാറിയത്. എന്നാൽ, ഇത് തള്ളുകയാണെന്നും ഗതികെട്ട് ഇറാൻ പ്രശ്നപരിഹാരത്തിന് തുനിഞ്ഞിറങ്ങുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പരസ്യമായി ട്രംപ് പറഞ്ഞത് തള്ളുന്നുവെന്നാണെങ്കിലും ഔദ്യോഗികമായി യു.എസ് ഇത് അറിയിച്ചിട്ടില്ല. മധ്യസ്ഥർ എന്തു നൽകുന്നതും സ്വീകരിക്കുമെന്നും അതുപ്രകാരം തീരുമാനമെടുക്കുമെന്നും അറാഗ്ചി പറഞ്ഞു. ഹുർമുസ് പ്രതിസന്ധിക്കു പിന്നാലെ ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും പോകുന്ന ഹുർമുസ് വഴി ഭാഗികമായി മാത്രമാണ് നിലവിൽ ചരക്കുകപ്പലുകൾ സഞ്ചരിക്കുന്നത്. ഇവക്കു നേരെ ആക്രമണവും പതിവാണ്. അതേസമയം, ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചക്കില്ലെന്ന് അറാഗ്ചി പറഞ്ഞു.
.jpg)

