‘നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...’ ; യു.എസ് സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ
ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ യു.എസ് സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ. സ്പെഷൽ ഫോഴ്സ് കമാൻഡോകൾ പരിശീലനം നടത്തുന്നതിന്‍റെയും വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങളുടെ വിഡിയോ ഇറാൻ പുറത്തുവിട്ടു. ‘അടുത്തേക്ക് വരൂ, നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു..’ എന്നും 59 സെക്കൻഡുള്ള വിഡിയോയിൽ പറയുന്നുണ്ട്. പൂർണ സജ്ജീകരണത്തോടെ സൈനികർ അഭ്യാസങ്ങൾ നടത്തുന്നതും പരുക്കൻ ഭൂപ്രദേശത്തിലൂടെ മുന്നേറുന്നതും വിഡിയോയിലുണ്ട്. മറ്റൊരു ദൃശ്യത്തിൽ ഇറാനിയൻ സൈന്യത്തിന്റെ ഒരു വലിയ മിസൈൽ വിക്ഷേപണ വാഹനം ആയുധം തൊടുക്കുന്നതും പിന്നാലെ സ്ഫോടനങ്ങൾ ഉണ്ടാകുന്നതും പ്രസ് ടിവിയിലൂടെ പുറത്തുവിട്ട വിഡിയോയിൽ കാണാനാകും. വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു.
യുദ്ധ വിരാമത്തിനായി താൻ സമർപ്പിച്ച 15 ഇന നിർദേശങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ 3500 യു.എസ് സൈനികർകൂടി എത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സൈനികർ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
.jpg)


