ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായി ധാരണയിലെത്താൻ കഴിയാത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. ഇറാൻ ഒരു കരാറിന് തയ്യാറാവുകയോ അല്ലെങ്കിൽ 'ഉന്മൂലനം' നേരിടുകയോ ചെയ്യണമെന്നാണ് ട്രംപിന്റെ ഭീഷണി.
"അവർക്ക് ഒരു കരാർ ഉണ്ടാക്കാം, അല്ലെങ്കിൽ അവർ ഉന്മൂലനം ചെയ്യപ്പെടും" യു.എസ് ബ്രോഡ്കാസ്റ്റ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
"ഇറാൻ ഇത് കാണുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ എന്താണ് അവതരിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം". ട്രംപ് പറഞ്ഞു. "അവർ ഭൂമിക്കടിയിൽ നിന്ന് ചില മിസൈലുകൾ എടുത്തിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ എല്ലാം ഇല്ലാതാകും," ട്രംപ് ഭീഷണിപ്പെടുത്തി.
ഇറാൻ ഭരണകൂടത്തെക്കുറിച്ച് തന്റെ അഭിപ്രായ മാറ്റവും ട്രംപ് സൂചിപ്പിച്ചു. അവർ പല കാര്യങ്ങളിലും കൂടുതൽ ന്യായയുക്തരാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത ഒന്നാം നിരയെ അപേക്ഷിച്ച് രണ്ടാം നിര മിടുക്കരാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയിരിക്കുകയാണ് ട്രംപ്. ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കണമെന്ന് ചൈന ആഗ്രഹിക്കുന്നുവെന്ന് യു.എസ് വ്യാപാര മേധാവി ജാമിസൺ ഗ്രീർ പറഞ്ഞു, നിയന്ത്രണങ്ങളോ ടോളുകളോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

