ഇറാനിൽ ഭരണമാറ്റം അനിവാര്യം, പുതിയ നേതൃത്വം വരേണ്ട സമയമായി ; ട്രംപ്
ഇറാനിൽ ഭരണമാറ്റം അനിവാര്യമാണെന്നും പുതിയ നേതൃത്വം വരേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദീർഘകാല ഭരണത്തിന് അറുതി വരുത്തണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ഖമേനിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.
tRootC1469263">ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഉണ്ടായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കൻ പ്രസിഡന്റാണെന്ന് ഖമേനി നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കവേ, ഇറാനിലെ ഭരണാധികാരികൾ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. 'ഭരണം എന്നത് ബഹുമാനത്തെക്കുറിച്ചാണ്, ഭയത്തെയും മരണത്തെയും കുറിച്ചല്ല,' എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്നതിന് പകരം അവരെ നേരാംവണ്ണം ഭരിക്കാനാണ് ഖമേനി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർക്ക് നേരെ ഇറാൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. ഇറാൻ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടൻ എത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയെ ഇറാൻ പരാജയപ്പെടുത്തിയെന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ട്രംപിന്റെ പുതിയ പരാമർശങ്ങൾ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകാൻ കാരണമായേക്കും.
.jpg)


