ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു ; ഡോണൾഡ് ട്രംപ്

Donald Trump
Donald Trump

വാഷിങ്ടൻ : ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ സർക്കാർ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

tRootC1469263">

ഇറാനെതിരായ സൈനിക നടപടികൾ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞെന്ന് വെളിപ്പെടുത്തി ട്രംപ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് സംസാരിച്ചെന്നും, സൈനിക നടപടികൾ തുടരാൻ ‘യെസ്’ പറഞ്ഞെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചിലർ അമേരിക്കയുടെ സൈനിക ഇടപെടലിന് എതിരെന്നും ട്രംപ് തുറന്നുപറഞ്ഞു.

നേരത്തെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ എത്രയും വേഗം കീഴടങ്ങണമെന്ന തന്റെ നിർദ്ദേശം തള്ളിയ ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നും ട്രംപ് പറഞ്ഞിരുന്നു. ഞാൻ എന്താണ് ചെയ്യുകയെന്ന് ആർക്കും അറിയില്ലെന്നും ട്രംപ് വിശദീകരിച്ചു. ഇറാനികൾ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രസ്താവനക്കും ട്രംപ് മറുപടി നൽകി. ‘ഞാൻ ആശംസകൾ നേരുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീർന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അമേരിക്ക പങ്കുചേരുമോ എന്നതിൽ യു എസ് പ്രസിഡന്റ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ഇറനെ ചിലപ്പോൾ അമേരിക്ക ആക്രമിക്കാം, ചിലപ്പോൾ ആക്രമിക്കാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാൻ ചർച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Tags