ഹോര്‍മുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാന്‍
ഹോര്‍മുസിലെ കപ്പല്‍ച്ചാലിന്റെ കാര്യത്തില്‍ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവയില്‍ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാന്‍. ഗള്‍ഫിലെ പ്രദേശങ്ങള്‍ ഈ നിയന്ത്രിത മേഖലയില്‍ ഉള്‍പ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെന്‍ റെസായി വ്യക്തമാക്കി. അമേരിക്കന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയില്‍ ചേര്‍ക്കുമെന്നും റെസായി പറഞ്ഞു.
അതിനിടെ, ഹോര്‍മുസിലെ കപ്പല്‍ച്ചാലിന്റെ കാര്യത്തില്‍ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവയില്‍ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് അതിവേഗം ശക്തവും കൂടുതല്‍ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകള്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകള്‍ ഉള്‍പ്പടെ ഹോര്‍മുസ് കടലിടുക്കില്‍ ബദല്‍ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകള്‍ക്കു നേരെയാണ് ഇറാന്റെ ആക്രമണം.
.jpg)

