ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു സൈനിക നീക്കത്തിനും ശക്തമായ മറുപടി നൽകാൻ സായുധ സേന സജ്ജം ; ഇറാൻ
ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പുതിയ സൈനിക നീക്കത്തിനും ഉടനടി ശക്തമായ മറുപടി നൽകാൻ സായുധ സേന സജ്ജമാണെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമടക്കമുള്ള തന്ത്രപ്രധാനമായ സൈനിക മേഖലകളിൽ ഇറാന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും ഖതാം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ അലി അബ്ദുള്ളാഹി വ്യക്തമാക്കിയതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വെള്ളിയാഴ്ച താൽക്കാലികമായി തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക്, യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചയോടെ ശത്രു രാജ്യങ്ങൾക്ക് മുന്നിൽ ഇറാൻ വീണ്ടും അടച്ചു.
അതിനിടെ, ഭീഷണികൾക്ക് വഴങ്ങി സമാധാന ചർച്ചകൾക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫ് വ്യക്തമാക്കി. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാനെ നയിക്കേണ്ടത് ഇദ്ദേഹമാണ്. ആവശ്യമെങ്കിൽ യുദ്ധക്കളത്തിൽ പുതിയ അടവുകൾ പുറത്തെടുക്കാൻ മടിക്കില്ലെന്നും ഗാലിബാഫ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ, ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന നിർണായക സമാധാന ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടായാൽ ഡൊണാൾഡ് ട്രംപ് നേരിട്ട് ഇസ്‌ലാമാബാദിലെത്തി സമാധാന കരാറിൽ ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
.jpg)

