ഹോർമൂസ് കടലിടുക്കിന് പുറത്ത് നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ
ഹോർമൂസ് കടലിടുക്കിന് പുറത്ത് നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് നിയന്ത്രണ മേഖല. യുഎസിന്റെ ഉപരോധമുള്ള പ്രദശത്ത് നിന്നാണ് നിയന്ത്രണ മേഖല തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇറാനിലെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനത്തോടുള്ള പ്രതികരണത്തിനിടെയാണ് ഇറാൻ സുരക്ഷാ മോധാവി മൊഹ്‌സെൻ റെസായി ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. എന്നാൽ നിർദ്ദിഷ്ട മേഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒരു മാസത്തോളം താരതമ്യേന ശാന്തമായ അന്തരീക്ഷത്തിനുശേഷമാണ് കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ആക്രമണങ്ങൾ തുടങ്ങിയത്. പിന്നാലെ ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റി തന്നെയാണ് സംഘർഷം മുറുകുന്നത്.
യുഎസ് നാവിക ഉപരോധ മേഖയിൽ തുടങ്ങി ഹോർമൂസ് കടലിടുക്കിലേക്ക് നീളുകയും, അവിടെനിന്ന് പേർഷ്യൻ ഉൾക്കടലിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാകും പുതിയ നിയന്ത്രിത മേഖല എന്നാണ് പ്രാഥമിക വിവരം. ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ പ്രവേശിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഏതൊരു കപ്പലും തങ്ങളുടെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചത്. എന്നാൽ വിഷയത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടും ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് തടയാനുമായി അമേരിക്ക ആഴ്ചകളായി ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തെ കൂടി പ്രതിരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ. എന്നാൽ ഈ ഉപരോധത്തിന് പിന്തുണയായി 20-ലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ സൈന്യം അറിയിച്ചിരുന്നത്. ഞായറാഴ്ചയോടെ ഈ ഉപരോധം 92 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിടുകയും മൂന്നെണ്ണത്തിനെ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരുന്നു.
.jpg)

