അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വെച്ച് ഇറാന്‍; ട്രംപ് തള്ളിയാല്‍ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

trump

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മൊഹ്സെന്‍ റെസായി പറഞ്ഞു.

നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വെച്ച് ഇറാന്‍. ഖത്തര്‍ വഴിയാണ് ഇറാന്‍ ഈ ആവശ്യങ്ങള്‍ അമേരിക്കയെ അറിയിച്ചത്. അമേരിക്ക ഈ ആവശ്യങ്ങള്‍ തള്ളിയാല്‍ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മൊഹ്സെന്‍ റെസായി പറഞ്ഞു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന നിബന്ധനകളെന്ന് റെസായി വ്യക്തമായി.

'അമേരിക്ക സ്വയം സൃഷ്ടിച്ച ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനും കൂടുതല്‍ കുടുങ്ങാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് വഴിയില്ല. ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതാണ് യുഎസിന് നല്ലത്. ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. നിര്‍ണായകമായ ഒരു യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണ്'- റെസായി അല്‍ ജസീറയോട് പറഞ്ഞു. അമേരിക്കയുമായി ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇറാന്‍ ഏഴ് നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇറാന്റെ നിലപാട് വ്യക്തമാണെന്നും റെസായി എക്‌സിലൂടെ സ്ഥിരീകരിച്ചു.
അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് മറ്റൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാന്റെ സൈനിക വിലയിരുത്തലുകള്‍ പ്രകാരം അത് ഉറപ്പാണെന്നും റെസായി പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും നേരത്തെയുണ്ടായ രണ്ട് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഇറാന്റെ സൈനിക ആസൂത്രണത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Tags