അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍

Iran-US conflict likely; India advises citizens in Iran to leave the country

ആണവ പദ്ധതികളുടെ കാര്യത്തിലും ഹോര്‍മുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ തീരുമാനം

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോര്‍മുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാന്‍ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാന്‍ മുന്‍പ് പ്രഖ്യാപിച്ച നിലപാട്. ഹോര്‍മുസ് കടക്കാന്‍ കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍ സമവായത്തിനായി നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി.


ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി, ഫ്രാന്‍സ് വിദേശകാര്യ മന്ത്രി എന്നിവര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. അതിനിടെ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് ഒമാനിലേക്ക് പോയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പാകിസ്ഥാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. അടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സംസാരിക്കും. ഇറാന്റെ യുറേനിയം ശേഖരം കസ്റ്റഡിയില്‍ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോര്‍മുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.

Tags