ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് പാരിതോഷിക ബിൽ; അമ്പരപ്പിച്ച് ഇറാൻ

offering reward for killing Trump and Netanyahu


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാൻ ഇറാന്‍. 5.8 കോടി ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി. 

യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.അതിനിടെ, ഇറാന് എതിരായ സൈനിക നീക്കത്തില്‍, അമേരിക്കന്‍ സെനറ്റില്‍ ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഏകപക്ഷീയ നടപടികളില്‍ നിന്ന് ട്രംപിനെ വിലക്കണമെന്ന പ്രമേയം സെനറ്റില്‍ പാസായി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഇന്ന് ബീജിങ്ങില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യന്‍ യുദ്ധം ചര്‍ച്ചയാകും.

ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയമാണ് സെനറ്റില്‍ പാസായത്. ഇതിനു മുന്‍പ് ഏഴ് തവണ ഡെമോക്രാറ്റുകള്‍ ഇതേ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ന് ബീജിങ്ങില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഊര്‍ജവും ആയുധകൈമാറ്റവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ അമേരിക്കയ്ക്ക് സമര്‍പ്പിച്ച 14 ഇന നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായി അഞ്ചിന നിര്‍ദ്ദേശങ്ങള്‍ അമേരിക്ക ഇന്നലെ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത്. ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക പൂര്‍ണസജ്ജമാണെന്നും ഇറാന്‍ യുദ്ധം വൈകാതെ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Tags