ഹുർമുസിൽ താൽക്കാലിക പാതയൊരുക്കാൻ ഒമാനുമായി ചർച്ച നടക്കുന്നതായി ഇറാൻ
തെഹ്റാൻ: അമേരിക്കയുമായി നിലവിൽ നയതന്ത്ര ചർച്ചകളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി. അമേരിക്കയുമായുള്ള ചർച്ചകൾ തിങ്കളാഴ്ച ഉച്ചക്കുശേഷം ആരംഭിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്. നിലവിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഒമാനുമായി ചേർന്ന് താൽക്കാലിക പാതയൊരുക്കാനുള്ള ചർച്ചകളിലാണ് തങ്ങളെന്ന് ബഖായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള ഒമാൻ സമുദ്രാതിർത്തിയും വടക്കുഭാഗത്തുള്ള ഇറാൻ സമുദ്രാതിർത്തിയും സംയോജിപ്പിച്ച് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന യാത്രാ ഇടനാഴി ആക്കി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇരുതീരങ്ങളിലെയും രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു താൽക്കാലിക ഇടനാഴി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരമായൊരു സംവിധാനം വരുന്നതുവരെ ഈ താൽക്കാലിക പാത തുടരുമെന്നും അദ്ദേഹം വ്യക്തമാച്ചു.
എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും ഉപരോധങ്ങളും തുടരുന്നിടത്തോളം കാലം ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ബഖായി കൂട്ടിച്ചേർത്തു. അതേസമയം വാഷിങ്ടണുമായുള്ള ചർച്ചകളെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ബഖായി പൂർണമായും തള്ളി. ‘അമേരിക്കയുമായി ഞങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്നും വരും ദിവസങ്ങളിൽ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയക്കാനോ സ്വീകരിക്കാനോ പദ്ധിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
.jpg)

