ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് പുതിയ ബില്ലുമായി ഇറാൻ

Iran's parliament approves closing of Strait of Hormuz, world's main oil shipping route

 തെഹ്റാൻ: ഹുർമുസ് കടലിടുക്കിന്റെയും പേർഷ്യൻ ഗൾഫിന്റെയും സുരക്ഷയും മേൽനോട്ടവും പൂർണമായി കൈക്കലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കം കുറിച്ചു. അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതിന് പിന്നാലെയാണ് 'സ്ട്രാറ്റജിക് ആക്ഷൻ ഫോർ ദി സെക്യൂരിറ്റി ആൻഡ് സസ്റ്റൈനബിൾ പ്രോഗ്രസ് ഓഫ് ദി സ്ട്രെയിറ്റ് ഓഫ് ഹുർമുസ് ആൻഡ് ദി പേർഷ്യൻ ഗൾഫ്' എന്ന പേരിൽ പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ ഇബ്രാഹിം അസീസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തങ്ങളുടെ പരമാധികാരവും ചുവപ്പ് രേഖകളും സംരക്ഷിക്കുന്നതിനായി കൂടുതൽ കർശന നടപടികളിലേക്ക് രാജ്യം നീങ്ങുമെന്നും, ഇത് ആദ്യ പടി മാത്രമാണെന്നും ഇബ്രാഹിം അസീസി വ്യക്തമാക്കി.

​നേരത്തേ ഹുർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒമാൻ തീരത്തിന് സമീപമുള്ള തെക്കൻ ഷിപ്പിങ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ മൊംബാസ, അൽ ബഹിയ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അടിയന്തര വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാൻ കേന്ദ്രീകരിച്ച് അമേരിക്കൻ സൈന്യം പുതിയ ആക്രമണ പരമ്പരകൾ തുടങ്ങിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതൊരു വലിയ ആക്രമണമാണെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് വ്യക്തമാക്കി.

കൂടാതെ, കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്നും ട്രംപ് വെളിപ്പെടുത്തി. തങ്ങൾ ലോകത്തിന്റെ വലിയൊരു സമ്പന്ന ഭാഗത്തെയാണ് സംരക്ഷിക്കുന്നത്. ഈ സംരക്ഷണത്തിന് തങ്ങൾക്ക് പ്രതിഫലം ലഭിക്കണമെന്നും അതിനാലാണ് ടോൾ ഏർപ്പെടുത്തുന്നതെന്നും ട്രംപ് അവകാശപ്പെട്ടു​. 

Tags