തങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കാൻ സജ്ജമായിരിക്കുമ്പോഴും നയതന്ത്രപരമായ പരിഹാരങ്ങളെ സ്വാഗതം ചെയ്യുന്നു ; ബെയ്ജിംഗ് സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി

iran president

ബെയ്ജിംഗ്: തങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കാൻ സജ്ജമായിരിക്കുമ്പോഴും നയതന്ത്രപരമായ പരിഹാരങ്ങളെ സ്വാഗതം ചെയ്യുന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അയൽരാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് അരാഗ്ചി വ്യക്തമാക്കി. 'ഞങ്ങളുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ഇറാനിയൻ ജനതയുടെ അലംഘ്യമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ തന്നെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും അയൽരാജ്യങ്ങളുമായി സൗഹൃദപരവും സമാധാനപരവുമായ ബന്ധം വളർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു,' ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെ, ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇറാൻ, ഇറാഖ്, അഞ്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ ഒമാനിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ജിസിസി രാജ്യങ്ങളിൽ ബഹ്റൈൻ മാത്രം എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് ഈ കൂടിക്കാഴ്ച മാറ്റിവെച്ചു. 'ഏകാഭിപ്രായം രൂപീകരിക്കുന്നതിന്റെ താൽപ്പര്യാർത്ഥമാണ്' കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽബുസൈദി പറഞ്ഞു.

Tags