ഇറാൻ സംഘർഷം ; ബ്രിട്ടനിലെ ബിയർ വില വർധിച്ചേക്കും
ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ഊർജപ്രതിസന്ധി കാരണം ബ്രിട്ടനിൽ ബിയർ വിലയും വർധിച്ചേക്കും. യുദ്ധ സാഹചര്യങ്ങൾ കാരണം ഇന്ധനവില വർധിച്ചതോടെ, രാജ്യത്തെ പബ്ബുകളിൽ ബിയർ വില ഉടൻ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 103 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായത്. യൂറോപ്പിലെ ഗ്യാസ് വിലയിലും വലിയ വർധനവുണ്ടായിട്ടുണ്ട്.
ബിയർ നിർമ്മാണത്തെയും വിതരണത്തെയും ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് വിലക്കയറ്റം പബ്ബുകളെ തളർത്തുന്നത്. ബിയർ ഉൽപ്പാദിപ്പിക്കുന്നതിനും അവ തണുപ്പിച്ചു സൂക്ഷിക്കുന്നതിനും വലിയ തോതിൽ വൈദ്യുതിയും ഗ്യാസും ആവശ്യമാണ്. ഇതിന്റെ ചെലവ് കുത്തനെ കൂടി. ഇന്ധനവില കൂടിയതോടെ പബ്ബുകളിലേക്ക് ബിയർ എത്തിക്കുന്നതിനുള്ള ചെലവ് വർധിച്ചു. പബ്ബുകളിലെ ലൈറ്റിംഗ്, ഹീറ്റിംഗ്, ഫ്രിഡ്ജുകൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള ചെലവ് കൂടുന്നത് ഉടമകളെ വലയ്ക്കുന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ ബിയർ വിലയിൽ ഈ മാറ്റം പ്രകടമാകും. വലിയ ലാഭമില്ലാതെ പ്രവർത്തിക്കുന്ന പബ്ബുകൾക്ക് ഈ അധികച്ചെലവ് താങ്ങാനാവില്ല. അതുകൊണ്ട് തന്നെ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനും നിർബന്ധിതരാകും.
.jpg)


