അമേരിക്കന്‍ - ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സേന മേധാവികള്‍ക്ക് പകരക്കാരെ നിയമിച്ച് ഇറാന്‍ പരമോന്നത നേതാവ്
ഇറാന്‍ വിപ്ലവ സേന ബസീജ് ഓര്‍ഗണൈസേഷനും ഐആര്‍ജിസി നാവിക സേനയ്ക്കുമടക്കം പുതിയ മേധാവിയെ നിയമിച്ചു.
ഇറാന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ബസിജ് അര്‍ദ്ധസൈനിക വിഭാഗം എന്നിവയിലെ നിര്‍ണായക നിയമനങ്ങള്‍ നടത്തി പരമോന്നത നേതാവ് മുജ്തബ ഖംനഇ. അമേരിക്കന്‍-ഇസ്രയേല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെട്ട സേന മേധാവികള്‍ക്ക് പകരക്കാരെ നിയമിച്ചു. ഇറാന്‍ വിപ്ലവ സേന ബസീജ് ഓര്‍ഗണൈസേഷനും ഐആര്‍ജിസി നാവിക സേനയ്ക്കുമടക്കം പുതിയ മേധാവിയെ നിയമിച്ചു.
ഉന്നത സ്ഥാനങ്ങളിലേക്ക് ആറ് മുതിര്‍ന്ന സൈനിക മേധാവികളെ നിയമിച്ച് ഉത്തരവിറക്കിയതായി പരമോന്നത നേതാവും സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫുമായ മുജ്തബ ഹുസൈനി ഖമേനി അറിയിച്ചു. ടെലഗ്രാമിലൂടെ പുറത്തുവിട്ട ഔദ്യോഗിക ഉത്തരവുകളിലൂടെയാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.
ഇറാന്‍ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി മേജര്‍ ജനറല്‍ അലി അബ്ദുള്ളാഹിയെ തിരഞ്ഞെടുത്തു. ബ്രിഗേഡിയര്‍ ജനറല്‍ കിയോമാര്‍സ് ഹൈദരി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേല്‍ക്കും. ഐ.ആര്‍.ജി.സിയുടെ പരമോന്നത കമാന്‍ഡര്‍-ഇന്‍-ചീഫായി മേജര്‍ ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി അഹമ്മദ് വാഹിദിയെ ഔദ്യോഗികമായി നിയമിച്ചു. മൊസ്തഫ ഇസാദിയാണ് ഐ.ആര്‍.ജി.സിയുടെ പുതിയ ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ്. ഐ.ആര്‍.ജി.സി നാവികസേനാ മേധാവിയായി റിയര്‍ അഡ്മിറല്‍ അലി ഒസ്മായിയെയും, രാജ്യത്തെ പ്രമുഖ അര്‍ദ്ധസൈനിക വിഭാഗമായ ബസിജിന്റെ തലവനായി മുന്‍ ഐ.ആര്‍.ജി.സി ഇന്റലിജന്‍സ് മേധാവി ഹുസൈന്‍ തയേബിനെയും നിയമിച്ചു. യുദ്ധസാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക അഴിച്ചുപണി.
.jpg)

