സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ സൈനിക നടപടിയിലേക്ക് കടക്കും ; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

Khwaja

ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ യുദ്ധഭീഷണി.

സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ സൈനിക നടപടിയിലേക്ക് കടക്കുമെന്ന ഭീഷണിയുമായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ യുദ്ധഭീഷണി.

ജലസുരക്ഷ എന്നത് രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും അതിന്മേല്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാല്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുനദിയിലെ വെള്ളത്തിനുള്ള പാകിസ്ഥാന്റെ അവകാശത്തിന് മേല്‍ ഗുരുതരമായ ഭീഷണിയുണ്ടായാല്‍ ഇന്ത്യക്കെതിരെ യുദ്ധത്തിന് പുറപ്പെടാന്‍ രാജ്യം ഒട്ടും മടിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ തടസപ്പെടുത്താനോ ഇന്ത്യ അതിവേഗം നീങ്ങുന്നതായി ബോധ്യപ്പെട്ടാല്‍ സൈന്യത്തെ ഉപയോഗിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധുനദിയിലെ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയുടെ ജല്‍ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് 1960-ലെ സിന്ധുനദീജല കരാര്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയത്. ഈ ആക്രമണത്തിന് പിന്നില്‍ പാക് പിന്തുണയുള്ള ഭീകരരാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇസ്ലാമാബാദ് വിശ്വസനീയവും ശാശ്വതവുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടായ ഈ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
 

Tags