റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡില്‍; ഒക്ടോബറില്‍ വാങ്ങിയത് 58,000 കോടിയിലേറെ രൂപയുടെ ഇന്ധനം
സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായി.
അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന. ഒക്ടോബറില്‍ 640 കോടി യൂറോയുടെ (ഏകദേശം 58,000 കോടിയിലേറെ രൂപ) എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഇറക്കുമതി കണക്കാണിത്.
ഇന്ത്യയില്‍ നിന്നുള്ള വന്‍തോതിലുള്ള എണ്ണ വാങ്ങല്‍ റഷ്യക്കും നേട്ടമായി. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാനമാണ് ഇതിലൂടെ റഷ്യ നേടിയത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പുറത്തുവിട്ട പ്രതിമാസ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായി. നയാര എനര്‍ജിയുടെ വാഡിനാര്‍ റിഫൈനറിയിലേക്കുള്ള ഇറക്കുമതി 12 ശതമാനവും റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്കുള്ളത് 22 ശതമാനവും ഇന്ത്യന്‍ ഓയിലിന്റെ പാരദീപ് റിഫൈനറിയിലേക്കുള്ളത് 28 ശതമാനവും വര്‍ധിച്ചു.
ഒക്ടോബറില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായതോടെ റഷ്യന്‍ എണ്ണയ്ക്കുള്ള ആവശ്യവും വര്‍ധിക്കുകയായിരുന്നു.
.jpg)

