കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയെ യുഎസില്‍ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി; മുന്‍കാമുകന്‍ ഇന്ത്യയിലേക്ക് മുങ്ങി

stabbed

ന്യൂയോർക്ക്: പുതുവത്സരദിനത്തിൽ അമേരിക്കയിൽ കാണാതായ ഇന്ത്യൻ വംശജയെ മരിച്ച നിലയിൽ കണ്ടെത്തി. എല്ലികോട്ട് സിറ്റിയിലെ താമസക്കാരിയ ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് നികിത ഗോഡിശാലയെ (27) ആണ് മുൻകാമുകൻ അർജുൻ ശർമയുടെ (26) അപ്പാർട്ടുമെന്റിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കൊലപ്പെടുത്തിയ ശേഷം അർജുൻ ഇന്ത്യയിലേക്ക് കടന്നുവെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് സംശയിക്കുന്നു.

tRootC1469263">

നികിതയെ കാണാനില്ല എന്നുകാണിച്ച് ജനുവരി രണ്ടിന് അർജുൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. 2025 ഡിസംബർ 31-ന് രാത്രി നികിതയെ മെരിലാൻഡിലുള്ള തന്റെ അപ്പാർട്ടുമെന്റിൽവെച്ച് കണ്ടിരുന്നുവെന്നും പിന്നീട് അവരെപ്പറ്റി വിവരമൊന്നും ഇല്ല എന്നുമായിരുന്നു അർജുന്റെ പരാതി. പരാതി നൽകിയതിന് ശേഷം ഇയാൾ ഡാലസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്നും ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ജനുവരി മൂന്നിന് അർജുന്റെ അപ്പാർട്ടുമെന്റിൽ നടത്തിയ തിരച്ചിലിലാണ് കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 31-ന് വൈകുന്നേരം ഏഴുമണിയോടെയാണ് അർജുൻ നികിതയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹോവാർഡ് കൗണ്ടി പോലീസ് അറിയിച്ചു. യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് അർജുനെ കണ്ടെത്തുന്നതിനും അറസ്റ്റുചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാനും അർജുനെ യുഎസിലേക്ക് തിരികെ എത്തിച്ച് അറസ്റ്റുചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം, നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടതായും അവർക്ക് സാധ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നൽകുന്നുണ്ടെന്നും വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റുചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. 'പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് എംബസി വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.' എംബസി അറിയിച്ചു.

2022-ൽ അമേരിക്കയിലേക്ക് എത്തിയ നികിത, കൊളംബിയ, മെറിലാൻഡ് എന്നിവിടങ്ങളിലെ വ്‌ഹേദ ഹെൽത്ത് എന്ന സ്ഥാപനത്തിലെ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയി ജോലിചെയ്ത് വരികയായിരുന്നു. 2025 ഫെബ്രുവരിയിൽ ഈ സ്ഥാപനത്തിൽ ജോലിക്ക് ചേർന്ന നിതിക, ഒരു വർഷത്തിനുള്ളിൽ മികച്ച പ്രകടനത്തിന് 'ഓൾ-ഇൻ അവാർഡ്' കരസ്ഥമാക്കിയിരുന്നു.

ഇതിനുമുമ്പ് മാനേജ്മെന്റ് സയൻസസ് ഫോർ ഹെൽത്ത് എന്ന സ്ഥാപനത്തിൽ ഡാറ്റാ അനലിസിസ് ആൻഡ് വിഷ്വലൈസേഷൻ സ്‌പെഷ്യലിസ്റ്റ് (ടെക്‌നിക്കൽ അഡൈ്വസർ) ആയി ഒരു വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെറിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ബാൾട്ടിമോർ കാമ്പസിൽ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷമാണ് നികിത അമേരിക്കയിൽ ജോലിക്ക് പ്രവേശിച്ചത്.

Tags