അമേരിക്കയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ പ്രമുഖ ഐടി പ്രൊഫഷണലിനെ ഭര്‍ത്താവ് വെടിവച്ച് കൊലപ്പെടുത്തി ; തടയാന്‍ ശ്രമിച്ച മകനും ഗുരുതര പരിക്ക്
പിതാവിനെ തടയാന്‍ ശ്രമിച്ച 23 കാരനായ മകന്‍ ജേസണ്‍ വ്രസെന്നിനും ഗുരുതരമായി പരിക്കേറ്റു
അമേരിക്കയിലെ ജോര്‍ജിയയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ പ്രമുഖ ഐടി പ്രൊഫഷണലിനെ ഭര്‍ത്താവ് വെടിവച്ച് കൊലപ്പെടുത്തി. ഗൂഗിളിലെ മുന്‍ സീനിയര്‍ എന്‍ജിനീയറിങ് ലീഡറായ ശീതള്‍ വ്രസെന്‍ (57) ആണ് കൊല്ലപ്പെട്ടത്. പിതാവിനെ തടയാന്‍ ശ്രമിച്ച 23 കാരനായ മകന്‍ ജേസണ്‍ വ്രസെന്നിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രതി കിര്‍ക്ക് ബി വ്രസെന്നിനെ (56) പൊലീസ് അറസ്റ്റ് ചെയ്തു.
ജോര്‍ജിയയിലെ കോബ് കൗണ്ടിയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് കണ്ട് ഇടപെട്ട മകന് നേരെയാണ് കിര്‍ക്ക് ആദ്യം വെടിയുതിര്‍ത്തത്. വെടിയേറ്റ മകന്‍ ഓടി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ജേസണ് പ്രാഥമിക ശുശ്രൂഷ നല്‍കിയതും ഇവരാണ്. പൊലീസ് എത്തിയപ്പോഴേക്കും വീടിനുള്ളില്‍ ശീതള്‍ വെടിയേറ്റ് മരിച്ചിരുന്നു.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കിര്‍ക്ക് വ്രസെന്നിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. പരിക്കേറ്റ മകന്‍ ജേസണെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹം ചികിത്സയിലാണ്. സാങ്കേതികവിദ്യാ രംഗത്ത് 20 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതള്‍, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയത്. ഗൂഗിളിന് പുറമേ ഹോം ഡിപ്പോ പോലുള്ള വന്‍കിട കമ്പനികളിലും ശീതള്‍ പ്രധാന പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ 'ഗോടു ഫുഡ്സ്' കമ്പനിയില്‍ സീനിയര്‍ ഡയറക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
.jpg)

