അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു ; ജനവാസമില്ലാത്തയിടത്ത് വ്യാജ ഓര്‍ഡര്‍ നല്‍കി വിളിച്ചുവരുത്തി കൊലപ്പെടുത്തി, കൊലയാളികളെ കണ്ടെത്തണമെന്ന് കുടുംബം
ശനിയാഴ്ച രാത്രി വൈകി വിജനമായ ഒരു സ്ഥലത്തേക്ക് അന്‍ഷുലിന് പിസ്സ ഡെലിവറി ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു
അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ പിസ ഡെലിവറി ചെയ്യാനെത്തിയ 28 വയസ്സുകാരനായ ഇന്ത്യന്‍ യുവാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. തെലങ്കാന സ്വദേശിയായ അന്‍ഷുല്‍ കുഞ്ചയാണ് കൊല്ലപ്പെട്ടത്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അന്‍ഷുല്‍, അധിക വരുമാനത്തിനായാണ് പാര്‍ട്ട് ടൈം ആയി പിസ്സ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്നത്. വ്യാജ ഓര്‍ഡര്‍ നല്‍കി ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് അന്‍ഷുലിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.
ശനിയാഴ്ച രാത്രി വൈകി വിജനമായ ഒരു സ്ഥലത്തേക്ക് അന്‍ഷുലിന് പിസ്സ ഡെലിവറി ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. ഓര്‍ഡര്‍ നല്‍കിയ വിലാസത്തില്‍ അന്‍ഷുല്‍ എത്തിയ ഉടന്‍, അവിടെയുണ്ടായിരുന്ന അജ്ഞാതര്‍ അന്‍ഷുലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. അന്‍ഷുലിന്റെ തലയ്ക്ക് ഒന്നിലധികം തവണ വെടിയേറ്റു. കൃത്യം നിര്‍വഹിച്ച ശേഷം അക്രമികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. രക്തസ്രാവത്തോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ അന്‍ഷുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്‍ഷുലിന്റെ പക്കല്‍ നിന്നും പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് കുടുംബം പറയുന്നു. ഇത് കൊള്ളയടിക്കാനുള്ള ശ്രമമല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നുമുള്ള സംശയം ബലപ്പെടുത്തുന്നു. ആക്രമണം നടന്ന സമയത്ത് കറുത്ത വസ്ത്രം ധരിച്ച് ബാക്ക്പാക്ക് തോളിലിട്ട രണ്ട് മുഖംമൂടി ധാരികള്‍ ആ പ്രദേശത്ത് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.
മുന്‍പ് അമേരിക്കയില്‍ വെച്ച് അന്‍ഷുല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അന്ന് മാലയും ഫോണും പണവും കവര്‍ച്ചക്കാര്‍ തട്ടിയെടുത്തിരുന്നു. അന്‍ഷുലിന് ലഭിച്ച പിസ്സ ഡെലിവറി ഓര്‍ഡര്‍ വകവരുത്താന്‍ വേണ്ടി മാത്രം ഒരുക്കിയ ഒരു വലിയ 'കെണി' ആയിരുന്നുവെന്ന് സഹോദരി തന്‍വി മാധ്യമങ്ങളോട് പറഞ്ഞു. ആളൊഴിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു കെട്ടിടത്തിലേക്കാണ് പിസ്സ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. എന്തിനാണ് കൊലപ്പെടുത്തിയതെന്നും ആരാണ് അക്രമിയെന്നും കണ്ടെത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടു.
സഹോദരന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തന്‍വി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
.jpg)

