കരിങ്കടലിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ നാവികന് പരിക്ക് ; പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി : കരിങ്കടലിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും ഇന്ത്യൻ പൗരനടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ എംബസി. തുർക്കിയ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ നടന്ന ആക്രമത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സിവിലിയൻ ചരക്കുകപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളുമാണ് ഏക പോവഴിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. രക്ഷാപ്രവർത്തനത്തിലൂടെ പരിക്കേറ്റ ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ളവരെ റൊമാനിയയിലെ കോൺസ്റ്റാന്റ കൗണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ അംബാസഡർ മനോജ് മഹാപാത്ര നേരിട്ട് ആശുപത്രിയിലെത്തി പരിക്കേറ്റ നാവികരുമായി സംസാരിക്കുകയും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കൂടാതെ കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകിവരുന്നതായി അറിയിച്ചു.
റൊമാനിയയുടെ സമുദ്രാതിർത്തിക്ക് പുറത്ത് 'എം.വി റോയാഡ് മമ്മാദോവ്' എന്ന കപ്പലിൽ ആകെ മൂന്ന് ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നതെന്നും, അതിൽ പരിക്കേറ്റയാൾ റൊമാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും റൊമാനിയയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻകിയും ആവശ്യപ്പെട്ടു. കരിങ്കടലിലെ ഇത്തരം തുടർച്ചയായ ആക്രമണങ്ങൾ ആഗോള വ്യാപാര മേഖലക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
.jpg)


