ബംഗ്ലാദേശില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

bengladesh

സംഭവത്തില്‍ ചിറ്റഗോങ്ങ് മെട്രോപൊളിറ്റന്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ നരേന്‍ ധറിനെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഓഫീസിനുള്ളിലെ പഴയ വിസ സെന്റര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഡാറ്റാ എന്‍ട്രി റൂമിലെ ബാത്ത്‌റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ നേരം ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ചിറ്റഗോങ്ങ് മെട്രോപൊളിറ്റന്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ സംശയകരമായ പാടുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ ഹസന്‍ മുഹമ്മദ് ഷൗക്കത്ത് അലി അറിയിച്ചു. മൃതദേഹം ചിറ്റഗോങ്ങ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

നരേന്‍ ധറിന്റെ മരണം കുടുംബത്തെ അറിയിച്ചതായും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍ ചിറ്റഗോങ്ങ് കൂടാതെ ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലും അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ഓഫീസുകളുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള മരണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.

Tags