പാകിസ്ഥാൻ വ്യോമാക്രമണത്തിൽ പരിക്കേറ്റ അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ ; 2.5 ടൺ അടിയന്തര മരുന്നുകൾ എത്തിച്ചു
ഡൽഹി: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. അടിയന്തര ചികിത്സയ്ക്കായി 2.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഇന്ത്യ കാബൂളിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുഷ്‌കരമായ ഈ ഘട്ടത്തിൽ അഫ്ഗാൻ ജനതയ്‌ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്നും മാനുഷിക സഹായങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 16-ന് കാബൂളിലെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടായ പാക് വ്യോമാക്രമണം കടുത്ത മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2,000 കിടക്കകളുള്ള ഈ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 400 ഓളം പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ വക്താവ് ഹംദുള്ള ഫിത്രത്ത് അറിയിച്ചു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാൻ അധികൃതർ നൽകുന്ന വിശദീകരണം. ഈ സാഹചര്യത്തിലാണ് പരിക്കേറ്റവരുടെ ചികിത്സയ്ക്കും വേഗത്തിലുള്ള സുഖം പ്രാപിക്കലിനുമായി മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും ഇന്ത്യ അടിയന്തരമായി എത്തിച്ചത്.
അതേസമയം, സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈദുൽ ഫിത്തർ പ്രമാണിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താൽക്കാലിക വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. വ്യാഴാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുള്ളതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ താലിബാനെതിരായ കടുത്ത നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
.jpg)


