ട്രംപ് താരിഫ് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഇന്ത്യയില്ല

Prime Minister Narendra Modi and US President Donald Trump will meet next month
Prime Minister Narendra Modi and US President Donald Trump will meet next month

ചൈനയ്ക്ക് 10 ശതമാനം താരിഫും മെക്സിക്കോയിലും കാനഡയിലും നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും താരിഫ് പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് ഇളവ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഇന്ത്യയില്ല. ചൈനയ്ക്ക് 10 ശതമാനം താരിഫും മെക്സിക്കോയിലും കാനഡയിലും നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും താരിഫ് പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് ഇളവ്. ഈ മാസാവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിക്കാനിരിക്കെ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ താരിഫിനെ മറികടക്കുന്നതിന് വേണ്ടി ഇതിനോടകം തന്നെ അമേരിക്കന്‍ കയറ്റുമതികള്‍ക്ക് അനുകൂലമായി ഇന്ത്യ താരിഫുകള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര വ്യാപാര വിദഗ്ദര്‍ വ്യക്തമാക്കുന്നു. 1600 സിസിയില്‍ കുറവ് എഞ്ചിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍സൈക്കിളുകള്‍, ഉപഗ്രഹങ്ങള്‍ക്കുള്ള ഗ്രൗണ്ട് ഇന്‍സ്റ്റലേഷനുകള്‍, സിന്തറ്റിക് ഫ്ളേവറിങ് എസ്സന്‍സുകള്‍ തുടങ്ങി അമേരിക്കയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇനങ്ങളുടെ തീരുവ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ വെട്ടിക്കുറച്ചിരുന്നു.

അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ 10 ശതമാനം തീരുവ, കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്കെത്തിക്കാനുള്ള അവസരം തുറന്ന് നല്‍കുന്നതാണെന്നും വിദഗ്ദര്‍ പറയുന്നു. ട്രംപ് തന്റെ ആദ്യ ടേമില്‍ ചൈനയുമായി നടത്തിയ താരിഫ് യുദ്ധത്തിന് ശേഷം 2017-2023 കാലയളവില്‍ നടന്ന വ്യാപാര വഴിത്തിരിവിന്റെ ഏറ്റവും വലിയ നാലാമത്തെ ഗുണഭോക്താവാണ് ഇന്ത്യ.
ചൈനയ്ക്കും മെക്സിക്കോയ്ക്കും കാനഡയ്ക്കും ചുമത്തിയ തീരുവകള്‍ ഫെബ്രുവരി ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.

Tags