ഇന്ത്യക്ക് കനത്ത വെല്ലുവിളി: മെക്ക കരാറില്‍ ചേരാന്‍ ബംഗ്ലാദേശും നീക്കം തുടങ്ങി
സഖ്യത്തിലേക്ക് ചേരാന്‍ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നല്‍കിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ 'മക്ക കരാറില്‍' ചേരാന്‍ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ജിദ്ദയില്‍ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍, സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നത്. സഖ്യത്തിലേക്ക് ചേരാന്‍ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നല്‍കിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അംഗരാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി കൂട്ടായി പ്രതിരോധിക്കുന്ന ('കണക്റ്റീവ് ഡിഫന്‍സ്') രീതിയിലാണ് മക്ക സഖ്യം പ്രവര്‍ത്തിക്കുന്നത്. മുന്‍പ് സൗദിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ഓഗസ്റ്റിലാണ് സൗദിയും തുര്‍ക്കിയും പാകിസ്താനും ചേര്‍ന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പാകിസ്താനും സൗദിയുമായും നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കരാറില്‍ ചേരുന്നത് ബംഗ്ലാദേശിന്റെ പരമാധികാര തീരുമാനമാണെന്നും മറ്റുള്ളവര്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശിലെ തീവ്ര യാഥാസ്ഥിതിക കക്ഷിയായ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു.
ബംഗ്ലാദേശ് മക്ക സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയും ആശങ്കയുമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ പാകിസ്താന്റെ സൈനിക-തന്ത്രപ്രധാന സ്വാധീനം ശക്തമാകുന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയെ ബാധിക്കും. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകള്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യക്കെതിരെ നിഴല്‍യുദ്ധം നടത്താനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഇത് വഴിയൊരുക്കുമെന്ന് ഇന്ത്യ ഭയക്കുന്നു.
സൗദിയുമായി ഇന്ത്യക്ക് മികച്ച ബന്ധമുണ്ടെങ്കിലും, തുര്‍ക്കിയും പാകിസ്താനും നിരന്തരം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. ഇവര്‍ക്കൊപ്പം ബംഗ്ലാദേശ് കൂട്ടുചേരുന്നത് കിഴക്കന്‍ അതിര്‍ത്തിയില്‍ വലിയ തന്ത്രപരമായ സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മേല്‍ സൃഷ്ടിക്കും.
.jpg)

