ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

bahrin

 മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് വിദേശകാര്യമന്ത്രി ജയ്ശങ്കർ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, നിലവിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ വിഷയങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള വിദേശകാര്യമന്ത്രിയുടെ ഔദ്യോഗക പര്യടനത്തിൻറെ ഭാഗമായാണ് ബഹ്റൈനിലുമെത്തിയത്. ഗൾഫ് മേഖലയിലെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവക്ക് പുറമെ യു.എസ്, ബെൽജിയം എന്നീ രാജ്യങ്ങളും ജയ്ശങ്കർ സന്ദർശിക്കും. ജൂലൈ 15 വരെയാണ് സന്ദർശനം. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അടുത്തിടെ, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിരുന്നു. 

Tags