ഇംറാൻ ഖാന് അറസ്റ്റിൽനിന്ന് സംരക്ഷണം മേയ് 31വരെ നീട്ടി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് അറസ്റ്റിൽനിന്നുള്ള സംരക്ഷണം മേയ് 31വരെ നീട്ടി ഇസ്ലാമാബാദ് ഹൈകോടതി. മേയ് ഒമ്പതിനുശേഷം ഫയൽ ചെയ്ത കേസുകളിലാണ് കോടതി സംരക്ഷണം. പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷൻ കൂടിയായ ഇംറാൻ ഖാൻ, സർക്കാർ തന്നെ വീണ്ടും അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നുകാണിച്ച് കോടതിയെ സമീപിച്ചിരുന്നു.
ഇംറാന്റെ അഭിഭാഷകൻ ഗോഹർ ഖാന്റെ വാദങ്ങൾ ജസ്റ്റിസ് മിയാൻഗുൽ ഹസൻ ഔറംഗസേബ് അംഗീകരിച്ച് അനുകൂലവിധി നൽകുകയായിരുന്നു.ഇംറാൻ കോടതിയിൽ എത്തിയിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം കേസുകളെടുത്ത് ഇംറാനെ ഭരണകൂടം വേട്ടയാടുകയാണെന്നാണ് പി.ടി.ഐ പറയുന്നത്.
ഈ കേസുകൾ ഓരോന്നിന്റെയും വിശദാംശം പാർട്ടി തേടിയിട്ടുണ്ട്. കേസ് കോടതി വീണ്ടും മേയ് 31ന് പരിഗണിക്കും. അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ഇംറാൻ ഖാന് ഇസ്ലാമാബാദ് ഹൈകോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അതിനുമുമ്പ് സുപ്രീംകോടതി വിധിക്കുകയുണ്ടായി.
സുപ്രീംകോടതി നിർദേശിച്ചതുപ്രകാരമായിരുന്നു ഇംറാൻ ഖാൻ അന്ന് ഹൈകോടതിയിൽ ഹാജരായത്.തുടർന്ന് ലാഹോറിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഭീകരവാദ കേസുകളിലും സില്ലെ ഷാ കൊലപാതക കേസിലും ജാമ്യം അനുവദിച്ച കോടതി ഇംറാനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് നടപടികൾ മേയ് 17 വരെ വിലക്കിയിരുന്നു. ജാമ്യം ലഭിച്ചിട്ടും അദ്ദേഹത്തിന് കോടതി പരിസരത്ത് തുടരേണ്ടിവന്നത് വലിയ വാർത്തയായിരുന്നു.