ഇസ്‍ലാമാബാദിലേക്കുള്ള യാത്രക്കിടെ ഇംറാൻ ഖാന്റെ വാഹന വ്യൂഹം അപകടത്തിൽ പെട്ടു

imran

ഇസ്‍ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ വാഹന വ്യൂഹം അപകടത്തിൽ പെട്ട് മറിഞ്ഞു. തൊഷാഖാന കേസിൽ വിചാരണക്കായി ഇസ്‍ലാമാബാദിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. പാക് സർക്കാർ ഇംറാൻ ഖാനെ കേസിൽ അറസ്റ്റ് ചെയ്യാൻ തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ കോടതി അദ്ദേഹത്തിന് ജാമ്യം നൽകി.

കോടതി ജാമ്യം നൽകിയെങ്കിലും പാക് സർക്കാർ എന്നെ അറസ്റ്റ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഇംറാൻ ട്വീറ്റ് ചെയ്തു. ഇവരുടെ ഈ ദുരുദ്ദേശം മനസിലാക്കിക്കൊണ്ട് തന്നെ കേസിൽ വിചാരണക്കായി ഇസ്‍ലാമാബാദിലേക്ക് പോവുകയാണെന്നും ഇംറാൻ യാത്ര പുറപ്പെടും മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

ലോഹോർ പൂർണമായും വളഞ്ഞത് ഞാൻ കോടതിയിൽ എത്തുമെന്ന് ഉറപ്പാക്കാനല്ല, മറിച്ച് എന്നെ ജയിലി​ലെത്തിക്കുവാനാണ്. അങ്ങനെയായാൽ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ​ങ്കെടുക്കാനാകില്ല -ഇംറാൻ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

സമാൻ പാർക്കിലെ വസതിയിൽ നിന്നാണ് ഇംറാൻ ഖാൻ ഇസ്‍ലാമാബാദിലെ കോടതിയിലേക്ക് യാത്ര തിരിച്ചത്. വാഹന വ്യൂഹത്തോടൊപ്പം പാർട്ടി പ്രവർത്തകരുമുണ്ടായിരുന്നു. കഴിഞ്ഞ വിചാരണ വേളയിലാണ് കേസിൽ ഇംറാന് ജാമ്യം ലഭിച്ചത്.

ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷാഖാന എന്ന ട്രഷറിയിൽ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയത് വഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്.

ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നൽകണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്‍റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നൽകുന്നു.

Share this story