അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അണികളെ നിരത്ത് ചെറുത്ത് ഇമ്രാന്‍ഖാന്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മനുഷ്യ മതിലൊരുക്കി പിടിഐ അണികള്‍. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മണിക്കൂറുകളായി ചെറുത്തു നില്‍ക്കുകയാണ് പിടിഐ അണികള്‍. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങള്‍ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പൊലീസ് ലാഹോറില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവവികാസങ്ങള്‍ക്ക് പാകിസ്ഥാന്‍ സാക്ഷ്യം വഹിച്ചത്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിരോധിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. പൊലീസ് എത്തിയതിന് പിന്നാലെ താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാന്‍ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഇതോടെ അണികള്‍ കൂട്ടമായി ഇമ്രാന്റെ വീടിന് മുന്നിലേക്ക് എത്തി. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്ന് ഇമ്രാനെ പിടിച്ചുകൊണ്ടുപോകാനെത്തിയ പൊലീസിന് ഇത് വരെ വസതിയില്‍ കടക്കാനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ അനുയായികള്‍ ഇമ്രാന് കാവല്‍ നില്‍ക്കുകയാണ്. കണ്ണീര്‍ വാതകത്തിനും ജലപീരങ്കിക്കും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായില്ല.
കല്ലേറും പെട്രോള്‍ ബോംബും കൊണ്ടാണ് ഇമ്രാന്‍ അണികള്‍ പൊലീസിനെ നേരിട്ടത്. സര്‍ക്കാരുമായുള്ള തുറന്ന പോരിനാണ് ഇമ്രാനും പാര്‍ട്ടിയും അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.