യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം
യുദ്ധം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നെ ചര്‍ച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല.
ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ സമ്പൂര്‍ണ നശീകരണ ശൈലിയിലേക്ക് ഇറാന്‍ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നെ ചര്‍ച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനില്‍ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിര്‍ത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോര്‍മുസില്‍ തായ് കപ്പല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തു വിട്ടു.
യുഎസ് ഇറാന്റെ ഊര്‍ജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാല്‍ ചെങ്കടലിലെ എണ്ണക്കപ്പല്‍ പാതകള്‍ തടയാന്‍ യെമനിലെ ഹൂത്തി വിമതര്‍ക്ക് ഇറാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹൊര്‍മുസ് കടലിടുക്കില്‍ ഭീഷണി ഉയര്‍ത്തുന്ന ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങള്‍ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയില്‍വേ ജംഗ്ഷനുകളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ആക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന പാലങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നടപടികള്‍ക്ക് പിന്നാലെ ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം ഇറാനില്‍ നടത്തിയ വന്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
.jpg)

