യു.എ.ഇയിൽ വൻ അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ട: 20 അംഗ സംഘം പിടിയിൽ; ലക്ഷക്കണക്കിന് ലഹരിഗുളികകളും മരുന്നുകളും പിടിച്ചെടുത്തു

Huge international drug bust in UAE: 20-member gang arrested; Lakhs of illegal drugs and medicines seized

അബുദാബി: യു.എ.ഇയിൽ രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം മറ്റ് നിരോധിത ലഹരിമരുന്നുകളുമായി വൻ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ. യു.എ.ഇ നാഷണൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റി, റാസൽഖൈമ പോലീസ്, ഇറാഖി ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ ഡയറക്ടറേറ്റ് എന്നിവർ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.

ജി.സി.സി, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 20 അംഗ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. കാപ്റ്റഗൺ ഗുളികകൾക്ക് പുറമെ കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ്, സ്പൈസ് തുടങ്ങിയ വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

റാസൽഖൈമയിലെ അതിർത്തി പ്രദേശം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തി യു.എ.ഇയിലുടനീളം വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി. യു.എ.ഇ, ഇറാഖ് സുരക്ഷാ ഏജൻസികൾ തമ്മിൽ കൈമാറിയ നിർണായക രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.തുടർന്ന് തയ്യാറാക്കിയ സമഗ്രമായ സുരക്ഷാ പദ്ധതിയിലൂടെ അതിർത്തിയിൽ വെച്ച് ലഹരിക്കടത്ത് തടയുകയും ഒരു വിഭാഗം പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു. സംഘവുമായി ബന്ധമുള്ള മറ്റുള്ളവരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Tags