സൗദി അറേബ്യയിൽ വീണ്ടും വമ്പൻ സ്വർണശേഖരം കണ്ടെത്തി ; പുതിയ ഖനികളിൽ കുഴിച്ചെടുക്കാൻ ലക്ഷം കോടികളുടെ നിധി

gold

 സൗദി അറേബ്യയിൽ വീണ്ടും വമ്പൻ സ്വർണശേഖരം കണ്ടെത്തി. കുഴിച്ചെടുക്കാൻ ഏകദേശം ഒരു മലയോളം സ്വർണമുണ്ടെന്നാണ് റിപ്പോർട്ട്. 78 ലക്ഷം ഔൺസ് മതിക്കുന്ന സ്വർണമാണ് കണ്ടെത്തിയതെന്ന് സൗദി അറേബ്യൻ ഖനന കമ്പനിയായ മാദെൻ വ്യക്തമാക്കി. കമ്പനിയുടെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ഖനികളിലേത് അടക്കമുള്ള നാല് സ്ഥലങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നിലവിലെ രാജ്യാന്തര വില അനുസരിച്ച് ഇത്രയും സ്വർണത്തിന് 3.2 ലക്ഷം കോടി രൂപ വില വരും.

tRootC1469263">

പുതിയ ഖനികളിൽ 90 ലക്ഷം ഔൺസിൻറെ സ്വർണ ശേഖരമുണ്ടെന്നാണ് യഥാർത്ഥ കണക്ക്. എന്നാൽ ഇത് ഖനനം ചെയ്യാനുള്ള ചെലവ്, വിലയിലെ മാറ്റം എന്നിവ കണക്കിലെടുത്താണ് 78 ലക്ഷം ഔൺസിലേക്ക് ചുരുക്കിയതെന്നും കമ്പനി സൗദിയിലെ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിങിൽ പറയുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം കുതിച്ചു. 

കമ്പനിയുടെ പ്രധാന  നാല് ഖനികളിൽ നിന്നുള്ള ഉൽപാദനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വലിയ വർധനയുമുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഖനിയായ മൻസൂറ മസാറയിലെ സ്വർണ ഉൽപാദനം മുൻവർഷത്തേക്കാൾ 30 ലക്ഷം ഔൺസാണ് കൂടിയത്. ഉറുഖ് 20, ഉമ്മു സലാം എന്നീ ഖനികളിൽ 16.7 ലക്ഷം ഔൺസും കൂടി. വാദി അൽ ജവ്വിലെ ഖനിയിൽ നിന്ന് മുൻവർഷത്തേക്കാൾ 30.8 ലക്ഷം ഔൺസ് സ്വർണം അധികം ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പര്യവേഷണത്തിൽ സ്വർണത്തിന് പുറമെ മറ്റ് ചില ലോഹങ്ങളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. ജബൽ ഷയ്ബാൻ, ജബൽ വാക്കിൽ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിൽ ചെമ്പ്, നിക്കൽ, പ്ലാറ്റിനം എന്നിവയാണ് കണ്ടെത്തിയത്. എണ്ണ ഇതര ബിസിനസിന് കൂടുതൽ ശ്രദ്ധനൽകാൻ ശ്രമിക്കുന്ന സൗദി അറേബ്യയ്ക്ക് സ്വർണത്തിന്റെയും മറ്റു ധാതുക്കളുടെയും സാന്നിധ്യം വലിയ കരുത്താകും. എണ്ണ ഇതര സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം നിലവിൽ സൗദി അറേബ്യയ്ക്കുണ്ട്. ‘വിഷൻ 2030’ എന്ന മാസ്റ്റർ പ്ലാനുമായാണ് സൗദി സമ്പദ്‍വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നത്.  

സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയിൽ വിൽപന വഴിയായിരുന്നെങ്കിൽ ഇപ്പോൾ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലി വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകൾ പ്രകാരം എണ്ണയിതര സമ്പദ്‍വ്യവസ്ഥ 50.6 ശതമാനമാണ്. ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്പോർട്സ്, മറ്റ് വിനോദങ്ങൾ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയിൽ ടൂറിസത്തിന്റെ പങ്ക് 2019ൽ 3% ആയിരുന്നെങ്കിൽ 2024ൽ അത് 5 ശതമാനത്തിലെത്തി. 2030ഓടെ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു. ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയർത്തുകയുമാണ് സൗദിയുടെ ലക്ഷ്യം.

Tags