സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികള്‍; ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു; പരിക്കേറ്റവരില്‍ ഇന്ത്യക്കാരനും
ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്.
സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സൗദി അരാംകോയുടെ തെക്കുകിഴക്കന്‍ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍കാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതിനിടെ, സൗദിയില്‍ ഹൂത്തി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാന്‍ യുഎസ് നിര്‍ദേശിച്ചു. അത്യാവശ്യജോലികളില് അല്ലാത്ത യുഎസ് സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ്. വിമാനത്താവളങ്ങളടക്കം ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ നിര്‍ദേശം.
.jpg)


