സൗദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് അറബ് സഖ്യസേന. തായിഫ്, യാംബു നഗരങ്ങൾ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളും, തലസ്ഥാനമായ റിയാദിന് നേരെ വന്ന മിസൈലും, കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട ഡ്രോണുമാണ് പ്രതിരോധസേന വ്യോമപാതയിൽ വെച്ച് തകർത്തത്.
സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.അതിനിടെ, യമനിൽ ഹൂതികൾക്കെതിരെ യമൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 'ഓപ്പറേഷൻ ഫജ്ർ അൽ യമൻ' എന്ന പേരിൽ നടത്തുന്ന സൈനിക നീക്കത്തിൽ 620 ഹൂതി ഭീകരർ കൊല്ലപ്പെടുകയും അവരുടെ 190 സൈനിക വാഹനങ്ങളും ടാങ്കുകളും തകർക്കുകയും ചെയ്തതായി യമൻ സൈനിക വക്താവ് വ്യക്തമാക്കി. തഅസ് മേഖലയിൽ യമൻ സേന വലിയ മുന്നേറ്റമാണ് നടത്തുന്നത്.
ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് തുർക്കിയിലെ ഇസ്താംബൂളിൽ നിർണ്ണായക ഉച്ചകോടി ചേർന്നു. സൗദി, ഈജിപ്ത്, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഉച്ചകോടി, സൗദിയുടെ സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
.jpg)


