'ഒരു നാഗരികത തന്നെ ഇല്ലാതാകും' എന്ന തന്റെ പ്രസ്താവനയാണ് ഇറാനെ സമാധാന ചര്‍ച്ചയ്ക്ക് എത്തിച്ചത് ; വിമര്‍ശകരോട് ട്രംപ്

trump

ഇറാന്‍ ചര്‍ച്ചയിലേക്ക് തിരികെ വരുമെന്നും തങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

'ഒരു നാഗരികത തന്നെ ഇല്ലാതാകും' എന്ന തന്റെ പ്രസ്താവനയാണ് ഇറാനെ സമാധാന ചര്‍ച്ചയ്ക്ക് എത്തിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകനേതാക്കള്‍ വിമര്‍ശിച്ച തന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്. എന്നും 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കുന്നവരാണ് ഇറാന്‍. അതുകൊണ്ട് തന്റെ പ്രസ്താവന ഇത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കടുത്ത നിലപാടാണ് അവരെ ചര്‍ച്ചയ്ക്ക് വരാന്‍ പ്രേരിപ്പിച്ചതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.


ഏപ്രില്‍ 7-ന് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് 'ഒരു നാഗരികത ഇന്നുരാത്രി മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല' എന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ഈ പ്രസ്താവന ആഗോളതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇസ്ലാമാബാദില്‍ ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ ഇറാനുമായി നടത്തിയ 21 മണിക്കൂര്‍ നീണ്ട സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ 100 ശതമാനം വിട്ടുവീഴ്ച വേണമെന്നും 90 ശതമാനമോ 95 ശതമാനമോ പോരെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ ചര്‍ച്ചയിലേക്ക് തിരികെ വരുമെന്നും തങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

Tags