'ഭൂമിയിലെ നരകം'; ഇന്ത്യയെ അധിക്ഷേപിച്ച് ട്രംപ്

trump


വാഷിങ്ടൺ: റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ വംശീയമായ ഉള്ളടക്കമുള്ള കത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  മൈക്കൽ സാവേജ് എഴുതിയ വംശീയ വിദ്വേഷം നിറഞ്ഞ നാല് പേജുകളുള്ള കത്താണ് ട്രംപ് തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഈ കത്തിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'ഭൂമിയിലെ നരകം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന മൈക്കൽ സാവേജിന്റെ വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

ജനനമനുസരിച്ച് പൗരത്വം നൽകുന്ന അമേരിക്കയിലെ പൗരത്വ നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സാവേജ് ഈ കത്തെഴുതിയത്. ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള ആളുകൾ അമേരിക്കയിൽ വന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ അവർക്ക് ഉടനടി അമേരിക്കൻ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവൻ ഈ 'നരകകുഴികളിൽ' നിന്നും അമേരിക്കയിലേക്ക് കൊണ്ടുവരികയുമാണെന്നാണ് കത്തിലെ ആരോപണം.

അമേരിക്കയിലെ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മൈക്കൽ സാവേജ് കത്തിൽ ഈ പ്രയോഗം നടത്തിയത്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ ഉള്ളവർ ഇവിടെ വന്ന് പ്രസവിക്കുന്നതിലൂടെ ആ കുട്ടിക്ക് ഉടൻ പൗരത്വം ലഭിക്കുന്നുവെന്നും പിന്നീട് ആ കുട്ടിവഴി അവരുടെ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കുന്നുവെന്നും കത്തിൽ പറയുന്നു.

കാലിഫോർണിയയിലെ സാങ്കേതിക മേഖലയിലെ ജോലികളിൽ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവർ ആധിപത്യം പുലർത്തുന്നുവെന്നും ഇതിനാൽ മറ്റുള്ളവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും കത്തിൽ ആരോപണമുണ്ട്.

ജനനത്തിലൂടെയുള്ള പൗരത്വം സംബന്ധിച്ച കാര്യങ്ങൾ കോടതികളോ അഭിഭാഷകരോ അല്ല തീരുമാനിക്കേണ്ടതെന്നും മറിച്ച് ഒരു ദേശീയ വോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനെ (എസിഎൽയു) ‘കുറ്റവാളി സംഘടന’ എന്നാണ് സാവേജ് കത്തിൽ വിളിച്ചിരിക്കുന്നത്. അവർക്കെതിരേ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ ആധുനിക കാലഘട്ടത്തിലെ കുടിയേറ്റ രീതികൾക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം സുപ്രീം കോടതി നടപടികളോടുള്ള അതൃപ്തി അറിയിച്ചുകൊണ്ട് പറഞ്ഞു.

കുടിയേറ്റക്കാർ ആരോഗ്യ ഇൻഷുറൻസ് പോലുള്ള പൊതുസേവനങ്ങൾ ചൂഷണം ചെയ്യുന്നത് നികുതിദായകർക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നെന്നും കത്തിൽ പറയുന്നു. കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ക്ഷേമപദ്ധതികളിൽ വലിയ രീതിയിൽ ക്രമക്കേടുകൾ നടക്കുന്നു. കുടിയേറ്റം അമേരിക്കയുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വത്തെ ബാധിക്കുന്നുവെന്നും സാവേജ് കുറിച്ചിട്ടുണ്ട്.

Tags