ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്ന് അപകടം ; ആറ് പേർ മരിച്ചു

Helicopter crashes into Hudson River; six dead
Helicopter crashes into Hudson River; six dead

ന്യൂയോർക്ക് : ഹഡ്‌സൺ നദിയിൽ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ തകർന്ന് മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. സ്പെയിനിൽ നിന്നുള്ള ഒരു അഞ്ചംഗ കുടുംബവും പൈലറ്റുമാണ് മരിച്ചത്. സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നദിയിൽ നിന്ന് ആറ് പേരെയും കണ്ടെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ദാരുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടം നടന്ന ഉടൻ തന്നെ ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്‌സിയിൽ നിന്നുമുള്ള പോലീസ് സേനയും അഗ്നിശമന സേനയുടെ കപ്പലുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റിന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമമായ എൻബിസി4 റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് ന്യൂയോർക്കിൽ കനത്ത മേഘാവൃതമായ കാലാവസ്ഥയായിരുന്നു നിലനിന്നിരുന്നത്.

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്ററിൽ നിന്ന് ഒരു റോട്ടർ ബ്ലേഡ് വേർപെട്ടുപോയതായി ദൃക്സാക്ഷികൾ മൊഴി നൽകി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ പൊട്ടിത്തെറിക്കുന്നതും പിന്നീട് അത് നദിയിലേക്ക് പതിക്കുന്നതും വ്യക്തമായി കാണാം. ഹഡ്‌സൺ നദിയിൽ സംഭവിച്ച ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റും, മാതാപിതാക്കളും, മൂന്ന് കുട്ടികളും മരിച്ചുവെന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞു.

Tags