യുഎഇയില്‍ ശക്തമായ മഴ

ദുബായിലെ കറാമ, സിലിക്കണ്‍ ഒയാസിസ്, മുഹൈസിന, ഷാര്‍ജയിലെ അല്‍ നഹ്ദ എന്നിവിടങ്ങളിലെല്ലാം റോഡുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ചില മേഖലകളില്‍ പൊടിക്കാറ്റ് വീശിയടിക്കാനും പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്കായി വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും വെളളക്കെട്ടുളള പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വെളളിയാഴ്ച കിഴക്ക്, വടക്ക് തീരപ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ സാധ്യത കണക്കിലെടുത്ത് അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ വിദൂരപഠനത്തിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജോലിയ്ക്ക് പോകുന്നവര്‍ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.