ഭാര്യയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെന്ന് കള്ളംപറഞ്ഞു ; ഇന്ത്യന്‍ വംശജന്‍ ഒടുവില്‍ കൊലക്കുറ്റത്തിന് അറസ്റ്റില്‍

arrest

ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഭാര്യയെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസിനോട് കള്ളം പറഞ്ഞ കലിഫോര്‍ണിയയിലെ ഇന്ത്യന്‍ വംശജന്‍ ഒടുവില്‍ കൊലപാതക കുറ്റത്തിന് അറസ്റ്റില്‍. ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.


കലിഫോര്‍ണിയയിലെ എല്‍ ഡൊറാഡോ കൗണ്ടിയിലാണ് ജാസ്മിന്‍ ഗില്ലിന്റെ (30) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഗുരീന്ദര്‍ സിങ് ഗില്ലിനെ (28) അറസ്റ്റ് ചെയ്തതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സാക്രമെന്റോ കൗണ്ടി മെയില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്ന ഇയാള്‍ക്ക് ജാമ്യം അനുവദിച്ചില്ല.


സെപ്തംബര്‍ 30നാണ് ജാസ്മിനെ അവസാനമായി കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയത്. ഇക്കഴിഞ്ഞ നാലിന് ഇവരുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. 
വീടിന് മുന്നിലെ ലെറ്റര്‍ബോക്‌സ് പരിശോധിക്കാന്‍ പോയ ഭാര്യയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ഗുരീന്ദര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വിവാഹ മോചന വക്കിലായിരുന്നുവെന്നും കുഞ്ഞിന്റെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 


കഴിഞ്ഞ ഒന്നിന് എല്‍ ഡൊറാഡോ കൗണ്ടിയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചറിയാത്ത മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. പരിശോധനയില്‍ ജാസ്മിന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് ഗുരീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 


രജിസ്റ്റേര്‍ഡ് നഴ്‌സും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമാണ് ജാസ്മിന്‍ ഗില്‍. ജാസ്മിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 

Tags