അറ്റ്ലാന്റിക്കിലെ ആഡംബര കപ്പലിൽ ഹന്റാ വൈറസ് ഭീതി; രണ്ട് ഇന്ത്യക്കാർ ഉൾപ്പെട്ടതായി സ്ഥിരീകരണം

Hanta virus scare on luxury cruise ship in Atlantic; Two Indians confirmed to be involved

ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവേഷണം നടത്തുന്ന എംവി ഹോണ്ടിയസ് ആഡംബര കപ്പലിൽ അതിമാരകമായ ഹന്റാ വൈറസ് ബാധ പടരുന്ന വാർത്ത പുറത്തുവരുന്നതിനിടെ കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടുന്നതായി സ്ഥിരീകരണം. കപ്പൽ പ്രവർത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 ഈ രണ്ട് ഇന്ത്യൻ ജീവനക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അവർക്ക് രോഗബാധിതരുമായി സമ്പർക്കമുണ്ടോ എന്നതിനെക്കുറിച്ചോ, വേണ്ടത്ര പരിശോധനകൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കപ്പലിന്റെ താഴ്ഭാഗത്തെ ഡെക്കുകളിൽ ജോലിചെയ്യുന്നവരാണ് ഇവരെന്നാണ് സൂചന. ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നൽകിയ വിവരമനുസരിച്ച്, മെയ് 11-ന് കപ്പൽ സ്പെയിനിലെ ടെനറൈഫിൽ എത്തുമ്പോൾ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

കപ്പലിലെ 149 പേരിൽ 61 പേരും കപ്പൽ ജീവനക്കാരാണ്. ഇതിൽ 38 പേർ ഫിലിപ്പീൻസിൽനിന്നുള്ളവരും അ‍ഞ്ച് പേർ വീതം യുക്രൈൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കപ്പലിൽ ഇതിനോടകം മൂന്ന് യാത്രക്കാർ മരണപ്പെടുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അർജന്റീനയിലെ ഉഷുവയ്യയിൽ ഏപ്രിൽ ഒന്നിന് നടന്ന ഒരു പക്ഷി നിരീക്ഷണ യാത്രയ്ക്കിടെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അവിടെവെച്ച് എലികളുടെ വിസർജ്യങ്ങളിൽനിന്നുള്ള സൂക്ഷ്മകണങ്ങൾ ശ്വസിച്ചതിലൂടെയാകാം യാത്രക്കാർക്ക് രോഗം ബാധിച്ചത്. സാധാരണഗതിയിൽ വായുവിലൂടെ ഈ വൈറസ് പകരറില്ലെങ്കിലും അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള 'ആൻഡീസ് സ്ട്രെയിൻ' ആണ് കപ്പലിൽ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധിച്ചാൽ ശ്വാസകോശത്തെയും വൃക്കകളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും മരണസാധ്യത 50 ശതമാനം വരെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ കേപ് വെർഡെയിൽനിന്ന് സ്പെയിനിലെ ടെനറൈഫിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുകയാണ് കപ്പൽ. മെയ് 11-ഓടെ യാത്രക്കാരെ കപ്പലിൽനിന്ന് ഇറക്കുമെന്നും അതിനുശേഷം കപ്പൽ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് എട്ട് ആഴ്ച വരെയാകാമെന്നതിനാൽ രോഗബാധ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.

Tags