ഹമാസിനെ നിരായുധരാക്കും, ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്‍വാങ്ങും; ചരിത്രപരമായ കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇന്ന് ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂര്‍ണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി
ഗാസയില്‍ ഹമാസ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളെ പൂര്‍ണമായും നിരായുധരാക്കുന്നതിനായി 'ബോര്‍ഡ് ഓഫ് പീസ്' ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഗാസയില്‍ പുതിയ പലസ്തീന്‍ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി ഗാസയില്‍നിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇന്ന് ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂര്‍ണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു മഹത്തായ ചുവടുവെയ്പ്പാണ്. നിരായുധീകരണം പൂര്‍ണമാകുന്നതോടെ ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. തുടര്‍ന്ന് ഗാസ നിവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ് പുതിയ പലസ്തീന്‍ പോലീസ് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ നടപ്പിലാക്കാന്‍ മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആയുധങ്ങളുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തിയതായി മുതിര്‍ന്ന ഹമാസ് നേതാവും വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. ഇസ്രയേല്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിലും ധാരണയായതായും ഹമാസ് നേതാവ് വ്യക്തമാക്കി.
.jpg)

