സൈന്യത്തെ പിൻവലിക്കാനുള്ള യു.എസ് നീക്കത്തിലും പതറാതെ ജർമനി

germini

 വാഷിങ്ടൺ: സൈന്യത്തെ പിൻവലിക്കാനുള്ള യു.എസ് നീക്കത്തിലും കുലുങ്ങാതെ ജർമനി. യു.എസ് സൈനിക പിൻമാറ്റം മുൻകൂട്ടി കാണാൻ കഴിയുന്നതാണെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. "യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിൽ, അമേരിക്കൻ സൈനികരുടെ സാന്നിധ്യം ഞങ്ങളുടെ താൽപ്പര്യത്തിനും യു.എസിന്റെ താൽപ്പര്യത്തിനും വേണ്ടിയാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇരു രാജ്യങ്ങളിലെയും നേതാക്കൾ പരസ്യമാക്കിയതിനു പിന്നാലെയാണ് യു.എസിന്റെ പുതിയ നീക്കം.

ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളെ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നുമടക്കം അദ്ദേഹം വിമർശിച്ചിരുന്നു. ഇതിനെതിരേ ട്രംപും രംഗത്തെത്തിയിരുന്നു.അതേസമയം, വിഷയത്തിൽ യു.എസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് നാറ്റോ വക്താവ് അലിസൺ ഹാർട്ട് പറഞ്ഞു. 5,000ൽ കൂടുതൽ സൈനികരെ പിൻവലിക്കാൻ പോവുന്നു എന്നായിരുന്നു ഇത് സംബന്ധിച്ച് ശനിയാഴ്ച ട്രംപ് പ്രതികരിച്ചത്.

Tags