ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ കഴിയില്ല, നിശ്ചയിച്ചതുപോലെ ലോകകപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത് : ഫിഫ പ്രസിഡന്റ്
സൂറിച്ച്: അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും 2026 ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫെയർ പ്ലേയുടെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെ മത്സരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഈ ആഴ്ച ആദ്യം ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ ഇൻഫാന്റിനോ വിസമ്മതിച്ചു.
‘ഞങ്ങൾക്ക് കൃത്യമായ ഒരു ഷെഡ്യൂൾ ഉണ്ട്. ഉടൻ തന്നെ 48 ടീമുകളെയും സ്ഥിരീകരിക്കും. നിശ്ചയിച്ചതുപോലെ തന്നെ ലോകകപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ അദ്ദേഹം വ്യക്തമാക്കി. ‘ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഫിഫക്ക് കഴിയില്ല, എന്നാൽ ഫുട്ബോളിന്റെ കരുത്ത് ഉപയോഗിച്ച് പാലങ്ങൾ പണിയാനും സമാധാനം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അവരുടെ ജീവനും സുരക്ഷയും കണക്കിലെടുക്കുമ്പോൾ അവർ അവിടെ വരുന്നത് ഉചിതമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ, സുരക്ഷ ഉറപ്പില്ലെങ്കിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇറാനിയൻ ഫുട്ബോൾ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയിരുന്നു.
.jpg)


