ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യ

യാംബു: ഇസ്രായേലിെൻറ നിർത്താതെയുള്ള കര, വ്യോമ ആക്രമണത്തിനിടെ ജീവിതം ദുസ്സഹമായ ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യ. രണ്ട് ഡസനിലേറെ ദുരിതാശ്വാസ വിമാനങ്ങൾ അയച്ച സൗദി ശനിയാഴ്ച മുതൽ കപ്പൽ മാർഗവും സഹായമെത്തിക്കാൻ തുടങ്ങിയിരുന്നു. 25 വിമാനങ്ങളിൽ ഉൾക്കൊള്ളുന്ന 1,050 ടൺ ദുരിതാശ്വാസ സാധനങ്ങളാണ് ഈജിപ്തിലെ പോർട്ട് സഈദിയിലെത്തിയത്. 13-ാമത് ദുരിതാശ്വാസ വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഭക്ഷണവും പാർപ്പിട സാമഗ്രികളും മരുന്നും മറ്റു സഹായ വസ്തുക്കളും ഉൾപ്പടെ 39 ടൺ ഭാരം വഹിച്ച് വിമാനം പുറപ്പെട്ടത്. അൽഅരീഷിൽ നിന്ന് റഫ അതിർത്തി കടന്ന് ട്രക്ക് മാർഗമാണ് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം തുടരുന്നതിനിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത്.
സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശമനുസരിച്ച് ഗസ്സയിലെ ആളുകളെ സഹായിക്കനുള്ള രാജ്യത്ത് ധനസമാഹരണ കാമ്പയിൻ ഊർജിതമായി നടക്കുകയാണ്. ഇതിെൻറ ഭാഗമായാണ് ഗസ്സയിലെ ദുരിതപർവം തരണം ചെയ്യുന്ന ഫലസ്തീനികൾക്ക് സൗദിയുടെ ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത്. ഇസ്രായേലിെൻറ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സഹായിക്കാൻ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്‌ഡ് ആൻഡ് റിലീഫ് സെൻററിന് കീഴിൽ (കെ.എസ്.റിലീഫ്) ആരംഭിച്ച കാമ്പയിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.